ഐ.എസ്.എം

ഐ എസ് എം ചരിത്രം

കേരള മുസ്‌ലിംകള്‍ക്ക് വെളിച്ചത്തിന്റെ വഴിവെട്ടിയ മഹത്തായ ഇസ്വ്‌ലാഹി പ്രസ്ഥാനത്തിന്റെ യുവശക്തിയാണ് ഇത്തിഹാദു ശുബ്ബാനില്‍ മുജാഹിദീന്‍ (ഐ.എസ്.എം). 1967ല്‍ പാലക്കാട്‌ പുതുപ്പള്ളി തെരുവ്‌ മദ്‌റസത്തുല്‍ മുജാഹിദീനില്‍വെച്ച്‌ നടന്ന മുജാഹിദ്‌ പ്രതിനിധി സമ്മേളനത്തില്‍നിന്നാണ്‌ ഇസ്‌ലാഹീ പ്രസ്ഥാനത്തിനൊരു യുവഘടകമെന്ന ആശയം ഉദയം ചെയ്‌തത്‌. പാലക്കാട്ടുകാരനായ കെ എ സുലൈമാന്‍ സാഹിബിനെപ്പോലെയുള്ളവരുടെ നിസ്സീമമായ പ്രയത്‌നത്തിന്റെ ഫലമായി ഐ എസ്‌ എം രൂപീകരിക്കപ്പെട്ടു. ഇന്ന്‌ ഐ എസ്‌ എം അതിന്റെ കര്‍മപഥത്തില്‍ അര നൂറ്റാണ്ട് പിന്നിട്ടു കഴിഞ്ഞു.

ഐ എസ്‌ എം അതിന്റെ കഴിഞ്ഞ നാളുകളില്‍ ശ്രദ്ധേയമായ പലപരിപാടികളും ആവിഷ്‌കരിച്ചു നടപ്പില്‍ വരുത്തിയിട്ടുണ്ട്‌. വിട്ടുവീഴ്‌ചയില്ലാത്ത ആദര്‍ശ പ്രബോധനത്തോടൊപ്പം ജനോപകാരപ്രദമായ മുന്നേറ്റങ്ങളും ഐ എസ്‌ എം നടത്തിയിട്ടുണ്ട്‌. മൂന്നുപതിറ്റാണ്ടിലേറെ കാലത്തെ അനുഭവസമ്പത്തുള്ള ശബാബ്‌ വാരിക ഇന്ന്‌ കേരളത്തിലെ ഏറ്റവും മികച്ച ഇസ്‌ലാമിക വാരികയില്‍ മുന്‍പന്തിയിലാണ്‌. പുസ്‌തകപ്രസാധന രംഗത്തെ നിറഞ്ഞ സാന്നിധ്യമായി യുവത നിലകൊള്ളുന്നു. വിദ്യാഭ്യാസ രംഗത്ത്‌ പീസ്‌, ആതുരസേവന രംഗത്ത്‌ ഐ എസ്‌ എം മെഡിക്കല്‍ എയ്‌ഡ്‌ സെന്റര്‍, മതപ്രബോധന വീഥിയില്‍ ദ ട്രൂത്ത്‌, അന്ധബധിര ശാക്തീകരണത്തിനായി എബിലറ്റി ഫൗണ്ടേഷന്‍ തുടങ്ങി ഒട്ടേറെ സംരംഭങ്ങള്‍ക്ക്‌ തുടക്കം കുറിക്കാന്‍ ഐ എസ്‌ എമ്മിനായി. കുടുംബ ശൈഥില്യങ്ങളില്‍ മീഡിയകളും ആധുനിക ഉപഭോഗ സംസ്‌കാരങ്ങളുമെല്ലാം ചെലുത്തുന്ന സ്വാധീനം മനസ്സിലാക്കി വിദഗ്‌ധരായ മനശാസ്‌ത്രജ്‌രെ ഉള്‍പ്പെടുത്തി ബോധവത്‌കരണം നടത്താനും ഫാമിലി കൗണ്‍സലിംഗ്‌ പരിപാടികള്‍ സംഘടിപ്പിക്കാനും കഴിഞ്ഞിട്ടുണ്ട്‌.

Back to Top