പുതിയ അഡ്മിഷൻ ഉടൻ ആരംഭിക്കും
കോഴിക്കോട്: വ്യവസ്ഥാപിതമായ ഖുർആൻ പഠന സംവിധാനം ഒരുക്കുന്ന ഖുർആൻ ലേണിംഗ് സ്കൂളിൻ്റെ വാർഷിക പരീക്ഷകൾ സമയബന്ധിതമായി പൂർത്തീകരിച്ചു. ഐ എസ് എം സംസ്ഥാന സമിതിയുടെ ആഭിമുഖ്യത്തിൽ വർഷങ്ങളായി പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന ഖുർആൻ പഠന സംവിധാനമാണ് ക്യൂ എൽ എസ്. പത്ത് വർഷം കൊണ്ട് ഖുർആൻ ആശയം, ഗ്രാമർ, തജ് വീദ് പ്രകാരം മുഴുവൻ പഠിച്ച് തീർക്കുന്ന രീതിയിലാണ് പാഠ്യപദ്ധതി രൂപകൽപ്പന ചെയ്തിരിക്കുന്നത്. ഒന്നാം വർഷം മുതൽ പത്താം വർഷം വരെയുള്ള പഠിതാക്കൾക്ക് വേണ്ടിയാണ് വാർഷിക പരീക്ഷ സംഘടിപ്പിച്ചത്. ഒരോ വർഷത്തെയും സിലബസ് പ്രകാരമുള്ള പരീക്ഷ ഓപ്പൺ ബുക്ക് മാതൃകയിലാണ് ഇത്തവണ നടന്നത്.
കേരളത്തിലെ വിവിധ ജില്ലകളിലായി നൂറോളം കേന്ദ്രങ്ങളിൽ പരീക്ഷ നടത്തിപ്പിന് ഐ എസ് എം ജില്ല സമിതികൾ നേതൃത്വം നൽകി. വ്യവസ്ഥാപിതമായി പരീക്ഷ നടത്തിയ QLS കൺവീനർമാരെയും അധ്യാപകരെയും ജില്ലാ സമിതികളെയും ഐ.എസ്.എം സംസ്ഥാന പ്രസിഡൻ്റ് സഹൽ മുട്ടിലും ജനറൽ സെക്രട്ടറി ഡോ: അൻവർ സാദത്തും അഭിനന്ദനം അറിയിച്ചു. QLS കൺവീനർ മുഹ്സിൻ തൃപ്പനച്ചി, ജിസാർ ഇട്ടോളി , അയ്യൂബ് എടവനക്കാട്, ജാസിർ നന്മണ്ട, ഇൽയാസ് മോങ്ങം , സഹദ് ഇരിക്കൂർ, സജ്ജാദ് ഫാറൂഖി, ഹബീബ് നീരോൽപാലം, തുടങ്ങിയവർ നേതൃത്വം നൽകി.