കോഴിക്കോട് : നവോത്ഥാനത്തിൻ്റെ മുഖം മൂടിയണിഞ്ഞ് അന്ധവിശ്വാസം പ്രചരിപ്പിക്കുന്നവരുടെ പൊയ്മുഖം വലിച്ചു കീറണമെന്ന് ഐ എസ് എം സംസ്ഥാന കമ്മിറ്റി “ഇസ്‌ലാഹ്: വ്യതിയാനങ്ങൾ, വസ്തുതകൾ” എന്ന വിഷയത്തിൽ കോഴിക്കോട് ടൗൺഹാളിൽ സംഘടിപ്പിച്ച ആദർശപഠന സമ്മേളനം ആവശ്യപ്പെട്ടു.’കാലം തേടുന്ന ഇസ്‌ലാഹ്’ എന്ന പ്രമേയത്തിൽ കെ എൻ എം മർകസുദ്ദഅവ സംസ്ഥാന കമ്മിറ്റി നടത്തിവരുന്ന ത്രൈമാസ കാമ്പയിൻ്റെ ഭാഗമായാണ് ആദർശപഠന സമ്മേളനം സംഘടിപ്പിച്ചത്.
ഇസ്‌ലാമിൻ്റെ അടിസ്ഥാനപ്രമാണങ്ങൾ തള്ളിക്കളഞ്ഞ ജിന്ന് സേവ, പിശാചിനെ അടിച്ചിറക്കൽ, മാരണം തുടങ്ങിയ അന്ധവിശ്വാസങ്ങൾ പുനരുജീവിപ്പിച്ച് മുസ്ലിം സമുദായത്തെ യാഥാസ്ഥിതികതയിലേക്ക് തിരിച്ചു തെളിക്കുന്നവർ സമൃദായത്തിൻ്റെ ശത്രുക്കളാണ്. അറബിയിലെഴുതിയതൊക്കെ പ്രമാണങ്ങളാണെന്ന് പ്രചരിപ്പിക്കുകയും വിശുദധ ഖ്യർആനിൻ്റെ അധ്യാപനങ്ങളെ തമസ്കരിക്കുകയും ചെയ്തു കൊണ്ടാണ് യാഥാസ്ഥിതികതയിലേക്ക് തിരിച്ചു തെളിക്കുന്നത്. അന്ധവിശ്വാസങ്ങൾ പഠിപ്പിക്കുകയും പ്രചരിപ്പിക്കുകയും നവോത്ഥാന പാരമ്പര്യം അവകാശപ്പെടുകയും ചെയ്യുന്ന ഇരട്ടമുഖങ്ങളെ ഇസ്‌ലാഹീ കേരളം തിരിച്ചറിയുന്നുണ്ടെന്നും സംഗമം വ്യക്തമാക്കി.
കെ എൻ എം മർകസുദ്ദഅവ സംസ്ഥാന സെക്രട്ടറി കെ പി സകരിയ്യ സമ്മേളനം ഉദ്ഘാടനം ചെയ്തു.ഐ എസ് എം സംസ്ഥാന വൈസ് പ്രസിഡൻ്റ് ഡോ. സുഫ് യാൻ അബ്ദുസ്സത്താർ അധ്യക്ഷത വഹിച്ചു. അലി മദനി മൊറയൂർ, കെ എൻ എം മർകസുദ്ദഅവ സംസ്ഥാന സെക്രട്ടറി അബ്ദുല്ലത്തീഫ് കരുമ്പുലാക്കൽ, ഐ എസ് എം സംസ്ഥാന ജനറൽ സെക്രട്ടറി ഡോ. കെ ടി അൻവർ സാദത്ത്, ഫാദിൽ പന്നിയങ്കര എന്നിവർ പ്രസംഗിച്ചു. KNM മർകസുദ്ദഅവ സംസ്ഥാന വൈസ് പ്രസിഡൻ്റ് കെ പി അബ്ദുറഹമാൻ സുല്ലമി, അബ്ദുസ്സലാം പുത്തൂർ, പി ടി അബ്ദുൽ മജീദ് സുല്ലമി, ഷരീഫ് കോട്ടക്കൽ, ജിസാർ ഇട്ടോളി എന്നിവർ പ്രസീഡിയം നിയന്ത്രിച്ചു.