ആലപ്പുഴ: തെരഞ്ഞെടുപ്പ് വിജയത്തിനായി മതത്തെ കൂട്ടുപിടിക്കുന്നതും വർഗീയ കാർഡ് പുറത്തിറക്കുന്നതും കഴിവുകെട്ടവരുടെ അടയാളമാണെന്ന് ഐഎസ്എം സംസ്ഥാന കൗൺസിൽ വിലയിരുത്തി. താൽകാലിക വിജയം കൈവരിക്കുന്നതിനപ്പുറത്ത് സാമൂഹിക ബന്ധങ്ങളിൽ ഇത് വലിയ വിള്ളലുകൾ സൃഷ്ടിക്കും. മതത്തെ രാഷ്ട്രീയത്തിൽ കൂട്ടിച്ചേർക്കാൻ ശ്രമിക്കുന്ന സംഘ്പരിവാര കക്ഷികളുടെ എതിർപക്ഷത്താണെന്ന് അവകാശപ്പെടുന്ന കമ്മ്യൂണിസ്റ്റ് പ്രസ്ഥാനങ്ങൾ സമാന വഴിയന്വേഷിക്കുന്നത് ലജ്ജിപ്പിക്കുന്നതാണ്. സാമൂഹിക നീതി വിഭാവനം ചെയ്യുകയും ആവശ്യാനുസരണം ധ്രുവീകരണത്തിന് വിത്തുപാകുകയും ചെയ്യുന്നത് ഇരട്ടത്താപ്പാണ്. മതത്തെ മാത്രം മുൻനിർത്തി പൊതുതെരഞ്ഞെടുപ്പിനെ അഭിമുഖീകരിക്കുന്ന പ്രധാനമന്ത്രിയുടെ നിലവാരത്തിലേക്ക് അധഃപതിക്കരുത്. പത്ത് വർഷം ഭരിച്ചിട്ടും വോട്ട് പിടിക്കാൻ വർഗീയത പറയേണ്ടി വരുന്നത് ഗതികേടാണ്. തൊഴിലില്ലായ്മ, വിലക്കയറ്റം, കർഷകർ അനുഭവിക്കുന്ന പ്രശ്നങ്ങൾ, മത-ജാതി ന്യൂനപക്ഷങ്ങളുടെ അസ്തിത്വ പ്രതിസന്ധി, യുവാക്കളുടെ വിദേശ പാലായനം തുടങ്ങിയ വിഷയങ്ങൾ ചർച്ച ചെയ്യാനും രാഷ്ട്രീയവും വികസനവും മുൻനിർത്തി തെരഞ്ഞെടുപ്പിനെ അഭിമുഖീകരിക്കാനുമുള്ള ആർജവം രാഷ്ട്രീയ പാർട്ടികൾ സ്വീകരിക്കണമെന്ന് ഐഎസ്എം ആവശ്യപ്പെട്ടു.
ആലപ്പുഴ മസ്ജിദ് റഹ്മ യിൽ വെച്ച് നടന്ന സംസ്ഥാന കൗൺസിൽ കെ.എന്‍.എം മർകസുദഅ് വ സൗത്ത് സോൺ ജനറൽ സെക്രട്ടറി സലിം കരുന്നാഗപ്പിള്ളി ഉദ്ഘാടനം നിർവ്വഹിച്ചു. ഐ.എസ്.എം കേരള സംസ്ഥാന പ്രസിഡൻ്റ് സഹൽ മുട്ടിൽ അദ്ധ്യക്ഷത വഹിച്ചു. സൗത്ത് സോൺ ട്രഷറർ എ.പി.നൗഷാദ്, ഷിയാസ് സലഫി, ഡോ: അൻവർ സാദത്ത്, ആലപ്പുഴ മണ്ഡലം സെക്രട്ടറി കലാമുദ്ദീൻ, ശരീഫ് കോട്ടക്കൽ, മുഹ്സിൻ തൃപ്പനച്ചി, റഫീഖ് നല്ലളം, ജിസാർ ഇട്ടോളി, മിറാഷ് കോഴിക്കോട്, അയ്യൂബ് എടവനക്കാട്, ജൗഹർ അയനിക്കോട്, ഫാസിൽ ആലുക്കൽ, നവാസ് അൻവാരി, ഹബീബ് നീരോൽപ്പാലം, ഹാസിൽ മുട്ടിൽ, ഫാദിൽ കോഴിക്കോട്,ലത്തീഫ് മംഗലശ്ശേരി, ഹാരിസ് ടി. കെ. എൻ. ബുറാഷിൻ എറണാകുളം, മുഹ്സിൻ കൊടുങ്ങല്ലൂർ, അദീബ് പൂനൂർ, സഹദ് കൊല്ലം , അനീസ് തിരുവനന്തപുരം, അമീർ ഹാദി, അക്ബർ മദനി, അനസ് കായംകുളം തുടങ്ങിയവർ സംസാരിച്ചു.