Velicham QLS Result

ക്യു എല്‍ എസ്‌

അല്ലാഹുവിങ്കല്‍നിന്നുള്ള പ്രകാശവും സുവ്യക്തമായൊരു വേദവും നിങ്ങള്‍ക്കിതാ വന്നുകിട്ടിയിരിക്കുന്നു. തന്റെ പ്രീതിയെ പിന്‍തുടരുന്നവരെ ആ വേദം മുഖേന അല്ലാഹു സമാധാന മാര്‍ഗങ്ങളിലേക്ക്‌ തയിക്കും. തന്റെ ഹിതമനുസരിച്ച്‌ അവരെ അന്ധകാരത്തില്‍നിന്നും പ്രകാശത്തിലേക്ക്‌ കൊണ്ടുവരും. അവരെ നേര്‍മാര്‍ഗത്തിലേക്ക്‌ നയിക്കും (5:15,16)

മാനവര്‍ക്ക്‌ മാര്‍ഗദീപമായി അവതരിപ്പിക്കപ്പെട്ട വിശുദ്ധ ഖുര്‍ആന്‍ കാലാതിവര്‍ത്തിയും ദേശാതിവര്‍ത്തിയുമായ ഗ്രന്ഥമാണ്‌. മാനവമോചനത്തിനായുള്ള മന്ത്രങ്ങളാണതില്‍ മുഴുക്കെയും. ഇരുട്ടില്‍ നിന്നും വെളിച്ചത്തിലേക്ക്‌ മാനവരെ വഴിനടത്തുകയാണ്‌ ഖുര്‍ആനിന്റ അവതരണത്തിലൂടെ ലക്ഷ്യം വെക്കപ്പെടുന്നത്‌. ഇത്‌ കൃത്യമായി തിരിച്ചറിഞ്ഞുകൊണ്ടാണ്‌ ഇസ്വ്‌ലാഹീ പ്രസ്ഥാനം അതിന്റെ ആദ്യനാള്‍ മുതല്‍ക്കുതന്നെ ഖുര്‍ആനിക സന്ദേശം ജനങ്ങളിലേക്ക്‌ പകരാനുള്ള വ്യവസ്ഥാപിത പദ്ധതികള്‍ ആവിഷ്‌കരിച്ചു നടപ്പിലാക്കിക്കൊണ്ടിരിക്കുന്നത്‌. ഇതിന്റെ ഭാഗമായിട്ടാണ്‌ ഖുര്‍ആന്‍ ലേണിംഗ്‌ സ്‌കള്‍ എന്ന ഖുര്‍ആന്‍ പഠനസംരംഭം നിലവില്‍ വരുന്നത്‌. ഇസ്വലാഹീ പ്രസ്ഥാനത്തിന്റെ യുവവിഭാഗമായ ഐ എസ്‌ എമ്മാണ്‌ ഈ പഠനപദ്ധതിയുടെ നേതൃത്വം വഹിക്കുന്നത്‌. ഇന്ന്‌ ആയിരത്തോളം ഖുര്‍ആന്‍ ലേണിംഗ്‌ സെന്ററുകളും പതിനായിരക്കണക്കിന്‌ പഠിതാക്കളും ക്യു എല്‍ എസിന്‌ കീഴിലുണ്ട്‌.

ഇസ്വ്‌ലാഹി പ്രസ്ഥാനത്തിന്റെ ആദ്യകാലനേതാക്കന്മാരായിരുന്ന എന്‍ വി അബ്‌ദുസ്സലാം മൗലവി, എ അലവി മൗലവി മുതലായ പണ്ഡിതന്മാര്‍ തുടക്കം കുറിച്ച ഖുര്‍ആന്‍ പഠനരീതിയെ മാതൃകയാക്കിയാണ്‌ ഐ എസ്‌ എം ഖുര്‍ആന്‍ ലേണിംഗ്‌ സ്‌കൂളുകള്‍ക്ക്‌ തുടക്കം കുറിച്ചത്‌. അഞ്ചുവര്‍ഷം കൊണ്ട്‌ ുര്‍ആന്‍ മുഴുവന്‍ പഠിച്ചുതീര്‍ക്കാവുന്ന വിധമുള്ള സിലബസും കരിക്കുലവും പരീക്ഷയും ബഹുമതി പത്രവുമെല്ലാം അടങ്ങുന്ന ഈ സംരഭത്തിന്‌ നേതൃത്വം നല്‍കുന്നത്‌ ഐ എസ്‌ എമ്മിന്റെ കീഴിലുള്ള അക്കാദമി ഫോര്‍ സ്റ്റഡീസ്‌ ആന്റ്‌ റിസര്‍ച്ചാണ്‌.

ശാസ്‌ത്രീയവും വ്യവസ്ഥാപിതവുമായ പാഠ്യപദ്ധതിയുടെ അടിസ്ഥാനത്തിലുള്ള ഈ അനൗപചാരിക തുടര്‍വിദ്യാഭ്യാസ പദ്ധതി കേരളത്തിലെ പ്രഥമ സംരംഭമാണ്‌. ഖുര്‍ആന്‍ പഠനത്തോടൊപ്പം ഖുര്‍ആനിക വിജ്ഞാനം പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി വിവിധ മത്‌സരങ്ങളും സംഘടിപ്പിച്ചുവരുന്നു. ഹിഫ്‌ള്‌, തജ്‌വീദ്‌ ഖുര്‍ആന്‍ ക്വിസ്‌, ഖുര്‍ആന്‍ ക്ലാസ്‌, ആശയവിപുലനം,പ്രസംഗം, അറബി കയ്യെഴുത്ത്‌, ആല്‍ബ നിര്‍മ്മാണം മുതലായവയാണ്‌ മത്സര ഇനങ്ങള്‍.

ക്യു എല്‍ എസിന്റെ ഒന്നാമത്തെ സംഗമം നടന്നത്‌ 1999 സപ്‌തംബര്‍ മാസത്തില്‍ കോഴിക്കോട്‌ വെച്ചായിരുന്നു. ഇതിനുശേഷം നിരവധി ക്യു എല്‍ എസ്‌ സംഗമങ്ങള്‍ കേരളത്തിന്റെ വിവിധ ജില്ലകളില്‍ നടന്നു. ദശാബ്‌ദങ്ങള്‍ക്ക്‌ മുമ്പുതന്നെ തുടങ്ങിവെച്ച ഖുര്‍ആന്‍ പഠനസംരംഭം ഇന്നും തുടരുന്നു. ഖുര്‍ആന്‍ പഠനംവ്യാപകവും ജനകീയവുമാക്കാനുള്ള പുതുവഴികള്‍ ആവിഷ്‌കരിച്ചുകൊണ്ട്‌ അതുവഴി ഇസ്‌ലാമിക പ്രബോധനമെന്ന ബാധ്യത നിര്‍വഹിച്ചും നിര്‍വഹിക്കാന്‍ പ്രേരിപ്പിച്ചുംകൊണ്ട്‌ ഈ സംരംഭം മുന്നേറുകയാണ്‌. ഖുര്‍ആന്‍ പഠനം വഴി ജീവിതത്തിന്‌ വെളിച്ചംകിട്ടിയ ഒരായിരം മനസ്സുകളില്‍ നിന്നുയരുന്ന നിഷ്‌കളങ്ക പ്രാര്‍ഥനകളാണ്‌ ഈ സംരംഭത്തിന്റെ കൈമുതല്‍. ഖുര്‍ആന്‍ പഠിച്ചും പഠിപ്പിച്ചും പ്രബുദ്ധരാവാന്‍ സമൂഹത്തിലെ വ്യത്യസ്‌ത തലത്തിലുള്ളവര്‍ മത്സരിക്കുകയാണ്‌. ഈ രംഗത്തുള്ള സ്‌ത്രീ സാന്നിധ്യം എടുത്തുപറയേണ്ടതാണ്‌.

Check QLS result here